Breaking News

തുറക്കാത്ത ഗൂഗിൾ അക്കൗണ്ടുകള്‍ മറ്റന്നാൾ മുതൽ നീക്കും; അക്കൗണ്ടുകള്‍ നഷ്ടപ്പെടാതിരിക്കാൻ ചെയ്യേണ്ടത്

top-news
https://jananeethi.com/public/frontend/img/post-add/add.jpg

രണ്ടുവർഷമായി ഉപയോഗിക്കാത്ത ഗൂഗിൾ അക്കൗണ്ടുകള്‍ വെള്ളിയാഴ്ച മുതൽ ഗൂഗിൾ ഡിലീറ്റ് ചെയ്ത് തുടങ്ങും. ഗൂഗിൾ അക്കൗണ്ടിന്‍റെ ഭാഗമായ ജിമെയിൽ, ഗൂഗിൾ ഡ്രൈവ്, ഗൂഗിൾ ഡോക്യുമെന്‍റെസ്, ഗൂഗിൾ മീറ്റ്, കലണ്ടർ, ഗൂഗിൾ ഫോട്ടോസ്, യൂട്യൂബ് എന്നിവയിലുള്ള നിങ്ങളുടെ പഴയ ഡേറ്റ മുഴുവൻ ഇതോടെ നഷ്ടമാകും. പഴയ ഇമെയിലുകൾ, വിഡിയോകൾ, ഫോട്ടോകൾ, രേഖകൾ, കോൺടാക്ടുകൾ മുതലായവ കിട്ടില്ലെന്ന് ചുരുക്കം. ഇതിൽ പലതും നിങ്ങൾ സൂക്ഷിച്ചുവച്ച രേഖകളാകാം. അവയൊന്നും നഷ്ടപ്പെടാതിരിക്കാൻ എന്തുചെയ്യണം?ഘട്ടം ഘട്ടമായാണ് അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്യുക. ക്രിയേറ്റ് ചെയ്ത ശേഷം ഒരിക്കലും ഉപയോഗിച്ചിട്ടില്ലാത്ത അക്കൗണ്ടുകള്‍ ആദ്യം നീക്കം ചെയ്യും. രണ്ടുവർഷമായി തുറന്നിട്ടില്ലാത്ത അക്കൗണ്ടുകള്‍ അടുത്ത ഘട്ടത്തിൽ ഇല്ലാതാകും. അക്കൗണ്ട് ആക്ടിവിറ്റി സംബന്ധിച്ച കൃത്യമായ വിവരം ഗൂഗിൾ രേഖപ്പെടുത്തുന്നതിനാൽ പ്രക്രിയ അതിവേഗം നടക്കും. മേയ് മാസം മുതൽ ഇത്തരം അക്കൗണ്ടുകളിലേക്കും അവയുടെ റിക്കവറി അക്കൗണ്ടുകളിലേക്കും ഇക്കാര്യം അറിയിച്ചുകൊണ്ട് ഗൂഗിൾ മെയിലുകളും നോട്ടിഫിക്കേഷനുകളും അയച്ചിട്ടുണ്ട്. വ്യക്തിഗത അക്കൗണ്ടുകള്‍ മാത്രമേ ഡിലീറ്റ് ചെയ്യൂ എന്നാണ് ഗൂഗിളിന്‍റെ പ്രഖ്യാപനം. സ്ഥാപനങ്ങളുടെയോ സംഘടനകളുടെയോ അക്കൗണ്ടുകള്‍ നഷ്ടപ്പെടില്ല.

ഗൂഗിൾ അക്കൌണ്ട് നഷ്ടപ്പെടാതിരിക്കാൻ ചെയ്യേണ്ടത്
വളരെ ലളിതമായ ചില നടപടികൾ വഴി നിങ്ങളുടെ ഗൂഗിൾ അക്കൗണ്ടും അതിലുള്ള രേഖകളും നഷ്ടപ്പെടാതെ സൂക്ഷിക്കാം.

1. ഗൂഗിൾ അക്കൗണ്ടില്‍ സൈൻ-ഇൻ ചെയ്യുക, അഥവാ പാസ് വേഡ് ഉപയോഗിച്ച് നിങ്ങളുടെ ഗൂഗിൾ അക്കൗണ്ട് തുറക്കുക.

2. ഗൂഗിൾ ഡ്രൈവ് ഉപയോഗിക്കുക

3. യൂട്യൂബ് അക്കൗണ്ടില്‍ സൈൻ-ഇൻ ചെയ്ത് വിഡിയോ പ്ലേ ചെയ്യുക

4. ഗൂഗിൾ പ്ലേ സ്റ്റോറിൽ ലോഗിൻ ചെയ്ത് ഒരു ആപ് ഡൗണ്‍ലോഡ് ചെയ്യുക.

5. ലോഗിൻ ചെയ്ത് ഗൂഗിൾ സെർച്ച് ഉപയോഗിക്കുക

6. മറ്റേതെങ്കിലും ആപ്ലിക്കേഷനിൽ കയറാൻ സൈൻ-ഇൻ വിത്ത് ഗൂഗിൾ ഒപ്ഷൻ ഉപയോഗിക്കുക.

ബാക്കപ് പ്ലാൻ

ഗൂഗിൾ അക്കൌണ്ടിലെ വിവരങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാൻ എല്ലായ്പ്പോഴും ഒരു ബാക്കപ് പ്ലാൻ ഉണ്ടാകുന്നത് നല്ലതാണ്. അക്കൗണ്ട് തുടങ്ങുമ്പോൾത്തന്നെ റിക്കവറി ഇ മെയിൽ സെറ്റ് ചെയ്യുകയാണ് അതിൽ ഒന്ന്. ഡേറ്റ എക്സ്പോർട്ട് ചെയ്യാനും ഡൗൺലോഡ് ചെയ്യാനും ഉപയോഗിക്കുന്ന 'ടേക്കൌട്ട്' ഫീച്ചർ മുതൽ ഇനാക്ടീവ് അക്കൗണ്ട് മാനേജർ വരെയുള്ള ഗൂഗിൾ ടൂളുകൾ തന്നെ ഇതിനുപയോഗിക്കാം. 


ഇനാക്ടിവ് അക്കൗണ്ട് മാനേജർ 

നിങ്ങളുടെ ഗൂഗിൾ അക്കൗണ്ട് 18 മാസത്തിലധികം ഉപയോഗിക്കാതിരുന്നാൽ അതിലുള്ള ഡേറ്റ എന്തുചെയ്യണം എന്ന് നേരത്തേ നിശ്ചയിക്കുന്നതാണ് ഈ സംവിധാനം. എൻറോൾ ചെയ്യുമ്പോൾത്തന്നെ ഈ ഒപ്ഷനുകൾ/നിർദേശങ്ങൾ തിരഞ്ഞെടുക്കുക. 

1. തിരഞ്ഞെടുത്ത ഫയലുകൾ വിശ്വാസമുള്ള മറ്റൊരു കോൺടാക്ടിലേക്ക് അയക്കുക

2. ജിമെയിൽ ഓട്ടോറെസ്പോണ്ടർ ആക്ടിവേറ്റ് ചെയ്യുക

3. അക്കൗണ്ട് പൂർണമായി ഡിലീറ്റ് ചെയ്യുക.

മേയ് പതിനാറിനാണ് ഇനാക്ടിവ് (ഉപയോഗിക്കാത്ത) അക്കൗണ്ടുകള്‍ സംബന്ധിച്ച നയത്തിൽ ഗൂഗിൾ മാറ്റം പ്രഖ്യാപിച്ചത്. ഗൂഗിൾ അക്കൗണ്ടും രേഖകളും സുരക്ഷിതമാക്കാൻ കഴിഞ്ഞ രണ്ടുവർഷത്തിനിടെ ഒട്ടേറെ ക്രമീകരണങ്ങൾ കൊണ്ടുവന്നിരുന്നു. സ്പാം, അക്കൗണ്ട് ഹൈജാക്കിങ്, ഫിഷിങ് സ്കാമുകൾ തുടങ്ങിയവ തടയാനുള്ള നടപടികൾ ഇതിലുണ്ട്. ഈ കാലയളവിനിടെ ഉപയോഗിക്കാത്ത അക്കൗണ്ടുകളില്‍ ടൂ ഫാക്ടർ ഓതന്‍റിഫിക്കേഷൻ ഉൾപ്പെടെയുള്ള അപ്ഡേറ്റുകൾ ചേർത്തിരിക്കാൻ വഴിയില്ല. അത് അവയുടെ സുരക്ഷയെ ബാധിച്ചിരിക്കാം എന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ നടപടി. 

https://jananeethi.com/public/frontend/img/post-add/add.jpg

Leave a Reply

Your email address will not be published. Required fields are marked *

Search

Category

add
Awesome News & Blog Theme For Your Next Project Buy Now

Gallery

Tags

Social Media