Create your Account
ഇതിഹാസത്തിന്‍റെ പിറവി; വരവറിയിച്ച് 'കാന്താര'; ചാപ്റ്റര്‍ 1 ടീസര്‍ പുറത്ത്
- Aswathi K
- 28 Nov, 2023
കന്നട സിനിമാലോകത്തെ പ്രശസ്തിയുടെയും വിജയത്തിന്‍റേയും പരകോടിയിലെത്തിച്ച ചിത്രം കാന്താരയുടെ രണ്ടാം ഭാഗത്തിന്‍റെ ആദ്യ ടീസര്‍ പുറത്ത്. കാന്താരയുടെ രണ്ടാം ഭാഗം ആണെങ്കിലും പ്രീക്വലാണ് രണ്ടാം ഭാഗമായി എത്തുന്നത്. കാന്താര എന്ന സിനിമയില്‍ നമ്മള്‍ കണ്ട കാഴ്ചയ്ക്ക് മുന്‍പ് എന്തു സംഭവിച്ചു എന്ന ചോദ്യത്തിനുളള ഉത്തരമാകും 'കാന്താര എ ലെജന്‍ഡ്' ചാപ്റ്റര്‍ വണ്ണിലൂടെ കാണാന്‍ പോകുന്നത്. കാന്താരയിലേത് പോലെ ഋഷഭ് ഷെട്ടി തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കെ.ജി.എഫ് നിർമാതാക്കളായ ഹൊംബാലെ ഫിലിംസാണ് ചിത്രത്തന്‍റെ നിര്‍മാണം.
വലിയ ആഘോഷങ്ങളോ പരസ്യപ്രചാരണങ്ങളോ ഇല്ലാതെ വന്ന് സിനിമാലോകത്തെ മുഴുവന്‍ ഞെട്ടിച്ച ചിത്രമായിരുന്നു കാന്താര. ഋഷഭ് ഷെട്ടി തിരക്കഥയെഴുതി സംവിധാനം ചെയ്ത് നായകവേഷത്തിലെത്തിയ കാന്താര കന്നടയ്ക്ക് പുറമെ മലയാളമടക്കമുളള മറ്റനേകം ഭാഷകളില്‍ ശ്രദ്ധിക്കപ്പെട്ടെന്നു മാത്രമല്ല വലിയ പ്രേക്ഷക സ്വീകാര്യതയും നേടിയിരുന്നു. ദൈവീകഭാവമുളള പഞ്ചുരുളിയായും ഉഗ്രരൂപിയായ ഗുളികനായും ഋഷഭ് ഷെട്ടി വിസ്മയിപ്പിച്ചു. ഇപ്പോഴിതാ പ്രീക്വലിന്‍റെ ടീസര്‍ വീണ്ടും പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുകയാണ്. ശരീരത്തുനിന്നും രക്തം ഒഴുകുന്ന ജഡാധാരിയായി നായകന്‍. കണ്ണുകളില്‍ അഗ്നിയുടെ തീഷ്ണത. ഇതിഹാസത്തിന്‍റെ പിറവിയെ സൂചിപ്പിക്കുന്നതാണ് ടീസര്‍. അത് കാന്താരയില്‍ കണ്ട ഗുളികനാണോ അതോ പഞ്ചുരുളിയോ എന്ന ആശങ്ക ജനിപ്പിക്കുന്നതാണ് ടീസര്‍. കാന്താരയുടെ മുതല്‍മുടക്കിന്‍റെ മൂന്നിരട്ടി ബജറ്റിലാണ് പ്രീക്വല്‍ അണിയിച്ചൊരുക്കുന്നത്. അടുത്ത വര്‍ഷം ചിത്രം പ്രദര്‍ശനത്തിനെത്തും എന്നാണ് കരുതപ്പെടുന്നത്.
Leave a Reply
Your email address will not be published. Required fields are marked *