Breaking News :

:

പാതാളക്കുഴിയില്‍ വീണതുപോലെ'; കോവിഡ് കാലം ക്രിക്കറ്റിലേക്ക് കൈ പിടിച്ചു കയറ്റി; അശ്വിന്‍

top-news
https://maannews.acnoo.com/public/frontend/img/header-adds/adds.jpg

അതിശയകരമായ കരിയറാണ് ആര്‍. അശ്വിന്‍റേത്. അതിജീവനത്തിന്‍റെയും നിരന്തരമായ പോരാട്ടത്തിന്‍റെയും പര്യായം കൂടിയാണ് ആ പേര്. അനില്‍ കുംബ്ലൈക്ക് പിന്നാലെ ടെസ്റ്റില്‍ 500 വിക്കറ്റ് നേടിയ ഇന്ത്യക്കാരന്‍ എന്ന റെക്കോര്‍ഡാണ് അശ്വിന്‍ നേട്ടങ്ങളുടെ പട്ടികയില്‍ പുതിയതായി കുറിച്ചത്. നേട്ടത്തിന്‍റെ നെറുകയില്‍ നില്‍ക്കുമ്പോഴും കടന്നു വന്ന വഴിയെ കുറിച്ച്, തോറ്റു കൊടുക്കാന്‍ തയ്യാറാവാതിരുന്നതിെനെ കുറിച്ച്, തിരിച്ചുവരവ് അസാധ്യമെന്ന് ഒരുവേള കരുതിയ ഇടത്ത് നിന്ന് കയറി വന്നതിനെ കുറിച്ച് അഭിമാനത്തോടെ അശ്വിന്‍ ചിലത് പറയുന്നുണ്ട്.കയറ്റങ്ങളും ഇറക്കങ്ങളും നിറഞ്ഞതായിരുന്നു കരിയറെന്ന് 98–ാം ടെസ്റ്റിന് പിന്നാലെ അശ്വിന്‍ കുംബ്ലെയോട് വെളിപ്പെടുത്തുന്നു. ജീവിതത്തില്‍ ഒരു ഘട്ടത്തില്‍ അന്തമില്ലാത്ത കുഴിയില്‍ വീണുപോയെന്ന് തോന്നിപ്പോയിട്ടുണ്ടെന്നും അവിടെ നിന്നും സ്വാഭാവിക ജീവിതത്തിലേക്ക് മടങ്ങിയത് നിശ്ചയദാര്‍ഡ്യം കൈമുതലാക്കിയാണെന്നും അശ്വിന്‍ വെളിപ്പെടുത്തുന്നു. ' കയറ്റിറങ്ങളായിരുന്നു ഇതുവരെയുള്ള വഴിയില്‍ അത്രയും. അത് തന്നെ ഏറ്റവും താഴേത്തട്ടിലെത്തിയത് 2018–19 കാലത്താണ്. ഐസിസിയുടെ ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ ആയിരുന്നു. ലോകത്തിന്‍റെ നെറുകയില്‍. അവിടെ നിന്നുമാണ് അന്തമില്ലാത്ത പാതാക്കുഴിയിലേക്ക് എന്നവണ്ണം വീണുപോയത്. ജീവിതത്തിലെ തന്നെ ഏറ്റവും ഇരുണ്ട കാലമായിരുന്നു'. ഇനിയൊരിക്കല്‍ കൂടി ക്രിക്കറ്റ് കളിയുടെ സന്തോഷത്തിലേക്ക് മടങ്ങിയെത്താനാകുമോയെന്ന് താന്‍ ഭയന്നിരുന്നുവെന്നും താരം പറയുന്നു. പരുക്കിന് പുറമെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിലെ മോശം പ്രകടനവും പിന്നാലെ ഓസ്ട്രേലിയന്‍ പരമ്പരയിലെ ദയനീയ പ്രകടനവും ചേര്‍ന്നതോടെ അശ്വിന് പരമ്പര പൂര്‍ത്തിയാക്കാനാവാതെ മടങ്ങേണ്ടി വന്നു. നല്ല ദിവസങ്ങളുണ്ടാകുമ്പോള്‍ കുടുംബത്തോടൊപ്പം സന്തോഷിക്കുകയും സിനിമ കാണുകയും സുഖമായി ഉറങ്ങുകയുമാണ് ചെയ്യുകയെന്നും വിഷമം ഉണ്ടാകുമ്പോള്‍ അതേ കുറിച്ച് ആലോചിക്കുകയും അതില്‍ നിന്ന് പുറത്തുവരാനുള്ള മാര്‍ഗങ്ങള്‍ ചെയ്യുകയുമാണ് പതിവെന്നും അശ്വിന്‍ പറയുന്നു. എങ്ങനെയാണ് അക്കാലത്ത് താനത്രയും അടിപ്പെട്ട് പോയതെന്ന് മനസിലാകുന്നില്ലെന്നും പരുക്കിനൊപ്പം കടുത്ത സമ്മര്‍ദം കൂടിയായതോടെ എല്ലാം കഴിഞ്ഞുവെന്ന് ഉറപ്പിച്ചിരുന്നുവെന്നും അശ്വിന്‍ പറയുന്നു. എന്നാല്‍ കോവിഡ് മഹാമാരി ലോകത്തെ തന്നെ പിടിച്ചുലച്ച കാലം അശ്വിന്‍ പക്ഷേ ജീവിതത്തിലേക്ക് തിരികെ പിച്ചവയ്ക്കുകയായിരുന്നു. മെല്ലെ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തി. ക്രിക്കറ്റ് കളിക്കുന്നതിന്‍റെ ആഹ്ലാദമെന്തെന്ന് താന്‍ തിരിച്ചറിഞ്ഞ നാളുകള്‍ കൂടിയാണതെന്ന് അശ്വിന്‍ വ്യക്തമാക്കുന്നു. 2011 ലാണ് ടെസ്റ്റ് ക്രിക്കറ്റില്‍ അശ്വിന്‍റെ അരങ്ങേറ്റം. ചെന്നൈയില്‍ നിന്നുള്ള എഞ്ചിനീയര്‍ പയ്യന്‍ ഇന്ത്യന്‍ ടീമിന്‍റെ ടോപ് ഓര്‍ഡര്‍ ബാറ്ററായും മീഡിയം പേസ് ബൗളറായും തുടക്കം ഗംഭീരമാക്കി. പുറത്തിനേറ്റ പരുക്കിനെ തുടര്‍ന്ന് അശ്വിന്‍ ഓഫ് സ്പിന്നില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. കരിയറിലെ ആദ്യ 16 ടെസ്റ്റുകളില്‍ ഒന്‍പത് തവണയാണ് അശ്വിന്‍ അഞ്ച് വിക്കറ്റ് നേട്ടം ആവര്‍ത്തിച്ചത്. അതിവേഗത്തില്‍ 300 വിക്കറ്റ് ക്ലബിലേക്ക് എത്തിയിരുന്നു. വിമര്‍ശകരില്‍ നിന്ന് പഠിക്കാമെങ്കില്‍ അതിനനുസരിച്ച് പാകപ്പെടാന്‍ മനസുണ്ടെങ്കില്‍ ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനവും അതായിരിക്കുമെന്നും താരം കൂട്ടിച്ചേര്‍ക്കുന്നു. 

https://maannews.acnoo.com/public/frontend/img/header-adds/adds.jpg

Leave a Reply

Your email address will not be published. Required fields are marked *