Breaking News :

:

കോട്ടയത്തെ അഭിഭാഷക പ്രതിഷേധം; കടുത്ത നടപടിയുമായി ഹൈക്കോടതി

top-news
https://maannews.acnoo.com/public/frontend/img/header-adds/adds.jpg

കോട്ടയം : കോട്ടയത്തെ അഭിഭാഷക പ്രതിഷേധത്തിൽ കടുത്ത നടപടിയുമായി ഹൈക്കോടതി. സിജെഎമ്മിനെതിരെ അസഭ്യം പറഞ്ഞ് പ്രതിഷേധിച്ച അഭിഭാഷകർക്കെതിരെ ഹൈക്കോടതി സ്വമേധയാ ക്രിമിനൽ കോടതിയലക്ഷ്യ കേസെടുത്തു. കോട്ടയം ബാർ അസോസിയേഷൻ പ്രസിഡന്റ് അടക്കം 29 പേർക്കെതിരെയാണ് കേസ്.കോട്ടയം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിനെതിരെ അഭിഭാഷകർ നടത്തിയ പ്രതിഷേധത്തിന്റെ വീഡിയോ ദൃശ്യങ്ങളും, മജിസ്ട്രേറ്റ് സമർപ്പിച്ച റിപ്പോർട്ടും പരിഗണിച്ചാണ് ഹൈക്കോടതിയുടെ കടുത്ത നടപടി. ജസ്റ്റിസുമാരായ അനിൽ.കെ.നരേന്ദ്രൻ, ജി ഗിരീഷ് എന്നിവരടങ്ങിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് അഭിഭാഷകർക്കെതിരെ സ്വമേധയാ ക്രിമിനൽ കോടതിയലക്ഷ്യ കേസെടുത്തത്. കോട്ടയം ബാർ അസോസിയേഷൻ ഭാരവാഹികൾ അടക്കം 29 പേർക്കെതിരെയാണ് നടപടി. പ്രതിഷേധിച്ച അഭിഭാഷകർ കോടതിയിലേക്ക് അതിക്രമിച്ചു കയറിയെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തി. കോടതി നടപടികളടക്കം തടസ്സപ്പെടുത്തി. മജിസ്ട്രേറ്റിനെതിരെ അസഭ്യം പറഞ്ഞു. അഭിഭാഷകരുടെ നടപടി ജനങ്ങൾക്കിടയിൽ നീതിന്യായ സംവിധാനത്തിന് അവമതിപ്പുണ്ടാക്കിയെന്നും ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. പ്രതിഷേധ പ്രകടനത്തിനിടെ അസഭ്യം പറഞ്ഞ അഭിഭാഷകർ കോടതി നടപടികൾ 8 മിനിട്ടോളം തടസപ്പെടുത്തിയതായി ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് ദൈനംദിന റിപ്പോർട്ടിൽ രേഖപ്പെടുത്തുകയും, ഇക്കാര്യം ഹൈക്കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു. 
2013 ൽ തട്ടിപ്പ് കേസിൽ പ്രതിയായ മണർകാട് സ്വദേശി രമേശന് ജാമ്യം അനുവദിക്കുന്നതിനായി അഭിഭാഷകനായ എ.പി.നവാബ് ഹാജരാക്കിയ വ്യാജരേഖകളാണെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് കോട്ടയം സിജെഎമ്മിന്റെ നിർദ്ദേശപ്രകാരം ഈസ്റ്റ് പൊലീസ് അഭിഭാഷകനായ നവാബിനെതിരെ കേസെടുത്തു. ഭൂമിയുടെ കരമടച്ച രസീത് ഉൾപ്പെടെയുള്ള രേഖകൾ വ്യാജമെന്ന് തെളിഞ്ഞതോടെ ആയിരുന്നു നടപടി. ഇതിനെതിരെയാണ് അഭിഭാഷകർ അസഭ്യ പ്രതിഷേധം നടത്തിയത്.  പ്രതി സമർപ്പിച്ച രസീത് വ്യാജമാണെങ്കിലും പരിശോധിക്കാൻ അഭിഭാഷകർക്ക് കഴിയില്ലെന്നാണ് ജില്ല ബാർ അസോസിയേഷന്റെ നിലപാട്. സംഭവത്തിൽ സംസ്ഥാന ബാർ കൗൺസിലും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

https://maannews.acnoo.com/public/frontend/img/header-adds/adds.jpg

Leave a Reply

Your email address will not be published. Required fields are marked *