Create your Account
പൂര്‍ണ ആരോഗ്യമുള്ള പുലിയെന്ന് പറഞ്ഞ് മിനിറ്റുകള്‍ക്കുള്ളില്‍ ചത്തു; വീഴ്ച പരിശോധിക്കും
- Aswathi K
- 23 May, 2024
പാലക്കാട് കൊല്ലങ്കോട്ടെ ജനവാസമേഖലയിലെ കമ്പിവേലിയില്‍ കുടുങ്ങി പെണ്‍പുലി ചത്തത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയുണ്ടോയെന്ന് പരിശോധിക്കുമെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രന്‍. പുലിയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നശേഷമായിരിക്കും തുടര്‍നടപടി സ്വീകരിക്കുകയെന്നും മന്ത്രി മനോരമ ന്യൂസിനോട്. പുലര്‍ച്ചെ കുടുങ്ങിയ പുലിയെ കൂട്ടിലാക്കാന്‍ വനംവകുപ്പിന് ആറര മണിക്കൂറിലധികം വേണ്ടിവന്നത് രക്ഷാപ്രവര്‍ത്തനത്തിലെ പോരായ്മയെന്നാണ് വിമര്‍ശനം. കുടുങ്ങിയത് മുതല്‍ കമ്പിവേലിയില്‍ നിന്നും രക്ഷപ്പെടാന്‍ പലതവണയാണ് പുലി ശ്രമിച്ചത്. ഉച്ചത്തില്‍ കരഞ്ഞ് ചാടിയുള്ള പുലിയുടെ പരിശ്രമം കണ്ടുനില്‍ക്കാനേ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കായുള്ളൂ. അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്ററിനറി സര്‍ജന്‍ ഉള്‍പ്പെടെ സ്ഥലത്തെത്തി ദൗത്യം തുടങ്ങുമ്പോള്‍ മണിക്കൂറുകള്‍ പിന്നിട്ടിരുന്നു. പൂര്‍ണ ആരോഗ്യമുള്ള പുലിയെന്ന് പറഞ്ഞ് മിനിറ്റുകള്‍ക്കുള്ളിലാണ് ചത്തത്. രക്ഷാപ്രവര്‍ത്തനത്തിന് കാലതാമസമുണ്ടായെന്നാണ് വനംവകുപ്പിനെതിരെയുള്ള വിമര്‍ശനം. പുലിയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നശേഷം കൃത്യമായി അന്വേഷിക്കുമെന്ന് വനംമന്ത്രി. കമ്പിവേലിയില്‍ നിന്നും സ്വയം രക്ഷപ്പെട്ട് ജനവാസമേഖലയിലേക്ക് ഓടിയാല്‍ തുരത്താനായി ഷീല്‍ഡ് മാത്രം കരുതി നിലയുറപ്പിച്ച ആര്‍ആര്‍ടി സംഘത്തിന്റെ നിസഹായതയിലുണ്ട് വനംവകുപ്പിന്റെ ദൗത്യവേഗം.വാഴപ്പുഴയിൽ ചത്ത പെൺപുലിയുടെ ജഡം ഇന്ന് മണ്ണുത്തി വെറ്ററിനറി കോളജിൽ പോസ്റ്റ്മോർട്ടം ചെയ്യും. നാഷനൽ ടൈഗർ കൺസർവേഷൻ അതോറിറ്റിയുടെ മാർഗ നിർദേശത്തിലായിരിക്കും നടപടി. ഇതിനായി നെന്മാറ ഡിഎഫ്ഒ പി.പ്രവീണിന്റെ നേതൃത്വത്തില്‍ വിദഗ്ധസമിതി രൂപീകരിച്ചിട്ടുണ്ട്. പന്നിക്കെണിയില്‍ കുരുങ്ങിയാണ് പുലിക്ക് ജീവഹാനിയുണ്ടായതെന്ന് തെളിഞ്ഞിട്ടുണ്ട്. കുരുക്ക് മുറുകി ആന്തരിക രക്തസ്രാവമുണ്ടായെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പരിഗണിച്ചാവും കെണി സ്ഥാപിച്ചത് ഉള്‍പ്പെടെയുള്ള കാര്യത്തില്‍ അന്വേഷണം തുടങ്ങുക.
Leave a Reply
Your email address will not be published. Required fields are marked *