Create your Account
'ആനയെ ട്രാക്ക് ചെയ്യാന്‍ ആന്‍റിന വേണ്ടെ'ന്ന് കര്‍ണാടക; ജീവനെടുത്തത് അനാസ്ഥയോ?
- Aswathi K
- 10 Feb, 2024
ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാനയെ ട്രാക്ക് ചെയ്യുന്നതിന് ആന്‍റിന വേണമെന്ന കേരളത്തിന്‍റെ വാദം തള്ളി കര്‍ണാടക. റേഡിയോ കോളര്‍ ഉപഗ്രഹം അടിസ്ഥാനമാക്കിയുള്ളതാണ്. ആര്‍ക്കും ട്രാക്ക് ചെയ്യാന്‍ കഴിയുമെന്നും ആനയെ ട്രാക്ക് ചെയ്യുന്നതിന് ആന്‍റിന വേണ്ടെന്നും കര്‍ണാടക മുഖ്യ വനപാലകന്‍ സുഭാഷ് മല്‍ഖാഡെ പറഞ്ഞു. റേഡിയോ കോളര്‍ നല്‍കിയത് അസം വനംവകുപ്പാണ്. സിഗ്നലുകള്‍ ലഭിക്കാന്‍ വൈകിയാല്‍ അസം വനംവകുപ്പുമായാണ് ബന്ധപ്പെടേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടക പിടികൂടി റേഡിയോ കോളര്‍ ഘടിപ്പിച്ച മോഴയാനയാണ് ആളെക്കൊല്ലിയായത്. ആനയെ സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ കൈമാറുന്നതില്‍ കര്‍ണാടക വീഴ്ച വരുത്തിയെന്നായിരുന്നു വനം മന്ത്രി എ.കെ. ശശീന്ദ്രന്‍റെ ആരോപണം. ആനയെ ട്രാക്ക് ചെയ്യാനുള്ള ആന്റിനയും റിസീവറും കര്‍ണാടക കൈമാറിയില്ല. റേഡിയോ കോളര്‍ ഐ.ഡി ഉപയോഗിച്ചാണ് നിലവില്‍ ട്രാക്കിങ് നടത്തി വന്നത്. ലൊക്കോഷന്‍ കിട്ടുന്നതിന് ഇത് മൂലം എട്ടുമണിക്കൂര്‍ വരെ താമസം ഉണ്ടായെന്നും മന്ത്രി വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ കര്‍ണാടകയുടേത് മനഃപൂര്‍വമുള്ള വീഴ്ചയാണെന്ന് കരുതുന്നില്ലെന്നും സിഗ്നല്‍ ലഭിക്കാത്തതാണ് പ്രതിസന്ധിയെന്നും അദ്ദേഹം വ്യക്തമാക്കി. കൂടുതല്‍ ആര്‍ആര്‍ടി സംഘത്തെ അയയ്ക്കുന്നത് ആലോചിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.അതേസമയം, അജീഷിന്‍റെ ജീവനെടുത്തത് വനംവകുപ്പിന്‍റെ അനാസ്ഥയാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ബുധനാഴ്ചയാണ് കാട്ടാന അതിര്‍ത്തിയില്‍ എത്തിയ വിവരം വനംവകുപ്പ് അറിഞ്ഞത്. ഇതിനെ കൃത്യമായി ട്രാക്ക് ചെയ്യുന്നുണ്ടെന്നായിരുന്നു അധികൃതരുടെ അവകാശവാദം. ആന ഇന്നലെ മുതല്‍ പ്രദേശത്തുണ്ടായിരുന്നുവെന്നും വനംവകുപ്പ് അധികൃതര്‍ ഒരു വിവരവും കൈമാറിയിരുന്നില്ലെന്നും വാര്‍ഡ് കൗണ്‍സിലര്‍ ടി.ജി. ജോണ്‍സന്‍ ആരോപിച്ചു. മരണം നടന്ന് മൂന്ന് മണിക്കൂറായിട്ടും ആരും എത്തിയിരുന്നില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. കടുത്ത പ്രതിഷേധമാണ് അജീഷിന്‍റെ മൃതദേഹം സൂക്ഷിച്ച ആശുപത്രിയില്‍ നാട്ടുകാര്‍ ഉയര്‍ത്തിയത്. മാനന്തവാടി എം.എല്‍.എ ഒ.ആര്‍ കേളുവിനെ നാട്ടുകാര്‍ തടഞ്ഞു. നിലവിലെ സ്ഥിതിഗതികള്‍ കണക്കിലെടുത്ത് മാനന്തവാടി നഗരത്തില്‍ കൂടി നിരോധനാജ്ഞ പ്രഖ്യാപിക്കും. നവംബറില്‍ ബേലൂരില്‍ നിന്ന് പിടികൂടിയ ആനയാണ് മാനന്തവാടിയില്‍ ആക്രമണം നടത്തിയത്. ചാലിഗദ്ദയിലെ കുന്നിലാണ് ആന ഇപ്പോഴുള്ളത്. വനമേഖലയിലേക്ക് തുരത്താന്‍ ശ്രമം തുടരുന്നുകയാണെന്ന് വനംവകുപ്പ് അറിയിച്ചു.
Leave a Reply
Your email address will not be published. Required fields are marked *