Create your Account
പുതുവർഷം പൊലിപ്പിക്കാൻ ഇന്നുമുതൽ ക്രാഫ്റ്റ്സ് വില്ലേജിൽ ‘എപ്പിലോഗ്’
- Aswathi K
- 27 Dec, 2023
സംഭവബഹുലമായ 2023-നു വിടചൊല്ലി പ്രതീക്ഷകളുടെ 2024-നെ വരവേല്ക്കാൻ കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജിൽ ഇക്കൊല്ലവും പാട്ടിന്റെ വെടിക്കെട്ടുമായി ‘എപ്പിലോഗ്’ ഒരുങ്ങി. ഡിസംബർ 28 മുതൽ നാലുദിവസത്തെ വിപുലമായ പരിപാടികളുമായാണ് ഇക്കുറി ‘എപ്പിലോഗ്’. നാലു മ്യൂസിക് ബാൻഡുകൾ പാട്ടും മേളവുംകൊണ്ടു രാക്കുളിരകറ്റും. പരിമൾ ഷെയിസ്, ഇംബാച്ചി, ഈറ്റില്ലം, മേരി ആൻ എന്നിവയാണു ബാൻഡുകൾ. തുടർന്നു വെടിക്കെട്ടോടെ 2023-നെ വരവേല്ക്കും.
ഡിസംബർ 28-ന് രാത്രി 7-ന് തീർത്ഥ അവതരിപ്പിക്കുന്ന ‘സ്പോട്ലൈറ്റ്’ എന്ന നൃത്താധിഷ്ഠിതമായ നാടകത്തോടെയാണ് എപ്പിലോഗിനു തിരശീല ഉയരുക. കവി റോബർട്ട് ഫോസ്റ്റിന്റെ ‘റോഡ് നോട്ട് ടേക്കൺ’ എന്ന കാവ്യസമാഹാരത്തിൽനിന്നാണ് ഇതിവൃത്തം. അന്നുതന്നെ 7 30-ന് മോനിസ നായികിന്റെ കഥക് നൃത്തം ‘ചതുരംഗും’ അരങ്ങിലെത്തും.29-ന്റെ സായാഹ്നം കേരളീയകലാകാരരുടേതാണ്. സംഗീതംകൊണ്ട് സൂര്യ കൃഷ്ണമൂർത്തി ഒരുക്കുന്ന മെഗാ ഷോ ‘അഗ്നി 3’ ആണ് അന്ന് വൈകിട്ട് 7-ന് അരങ്ങിലെത്തുക.30-ന് 7 മണിക്ക് അന്താരാഷ്‌ട്രപ്രശസ്തയായ സോളോ വയലിനിസ്റ്റ് സെനിയ ഡുബ്രോവ്‌സ്കായയും യുവപിയാനിസ്റ്റ് ജസ്റ്റസ് കോൺസ്റ്റാന്റിൻ ഫ്രാന്റ്‌സും തെന്നിന്ത്യൻ ഗായകൻ വീട്രാഗ് ഗോപിയും ചേർന്ന് പാശ്ചാത്യ ക്ലാസിക്കൽ സംഗീതവിരുന്ന് ഒരുക്കും. വെസ്റ്റേൺ ക്ലാസിക്കലിന്റെ ആസ്വാദകരെക്കൂടി കൂട്ടി പുതുവത്സരാഘോഷം കൊഴുപ്പിക്കാൻ കഴിയുന്ന ഹൃദ്യമായ ഒരു സായാഹ്നമാണ് ‘സേനിയ’ (Ksenia) എന്ന പരിപാടിയിലൂടെ ഡുബ്രോവ്സ്കായ വിഭാവനം ചെയ്യുന്നത്.തുടർന്ന് രാത്രി 8 30 മുതൽ റിഥം വിത്തൗട്ട് ബോർഡേഴ്സ് എന്ന വിശേഷണത്തോടെ ഒരുകൂട്ടം കലാകാരർ അവതരിപ്പിക്കുന്ന വാദ്യമേളങ്ങളുടെ സമന്വയമായ ‘സ്വാത്മ’ മേളപ്പെരുക്കത്താൽ പ്രകമ്പനം തീർക്കും.നവവത്സരരാവിന് അരങ്ങുണരുന്നത് വൈകിട്ട് 6 30-നു തുടങ്ങുന്ന അവനി, മധുശ്രീ നാരായണൻ, സംഗീത എന്നിവരുടെ സംഗീതനിശയോടെയാണ്. രാത്രി 8 30 മുതൽ ഡിജെ ഡാരിൽ ഗോൾബേർട്ട് (DJ Darryl Gaulbert), റ്റിയർ ബോക്സ് എന്നിവർ പുതുവർഷത്തിന് ആവേശോജ്ജ്വലമായ വരവേല്പൊരുക്കും.ഇരിപ്പിടം ഉറപ്പാക്കാൻ 9288001166, 9288001155 എന്നീ നമ്പരുകളിൽ വിളിച്ചോ പേറ്റിഎം ഇൻസൈഡർ വഴിയോ മുൻകൂട്ടി ബുക്ക് ചെയ്യാം.
Leave a Reply
Your email address will not be published. Required fields are marked *