Breaking News :

:

കേരളത്തിലേക്ക് 6000 രൂപ; ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ച് അന്തര്‍ സംസ്ഥാന സ്വകാര്യബസുകള്‍

top-news
https://maannews.acnoo.com/public/frontend/img/header-adds/adds.jpg

ക്രിസ്മസ് അടുത്തതോടെ കര്‍ണാടക അടക്കമുള്ള അയൽസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് യാത്ര ചെയ്യാൻ മാർഗമില്ലാതെ മലയാളികൾ. ബെംഗളുരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് ക്രിസ്മസിന് തൊട്ടുമുൻപുള്ള ദിവസങ്ങളിൽ 6000 രൂപയാണ് സ്വകാര്യ ബസുകളിലെ നിരക്ക്. ട്രെയിനുകളിൽ വിഷുവരെയുള്ള ടിക്കറ്റ് ബുക്കിങ് ഇപ്പോഴേ വെയ്റ്റിങ് ലിസ്റ്റിൽ ആണ്. തോന്നിയ പോലെയുള്ള നിരക്ക് വർധന തടയാൻ സർക്കാർ ഇടപെടണമെന്ന ആവശ്യം പതിവ് പോലെ ഉയർന്നിട്ടുണ്ടെങ്കിലും നടപടികൾ ഒന്നും ഇതുവരെ ഉണ്ടായിട്ടില്ല.അത്യാവശ്യ കാര്യങ്ങൾക്ക് ബംഗളൂരു മലയാളികൾക്ക് നാട്ടിൽ പോവാനുള്ള വിശ്വസനീയമായ ഏകമാർഗ്ഗം രാത്രികാല സർവീസ് നടത്തുന്ന സ്വകാര്യ ബസ്സുകളാണ്. എന്നാൽ ഉത്സവകാലത്ത് യാത്രക്കാരെ ഞെക്കിപ്പിഴിയാൻ കാത്തിരിക്കുകയാണ് ബസ് ഉടമകൾ. ട്രെയിനുകളിൽ ബുക്കിംഗ് മാസങ്ങൾക്കു മുൻപേ പൂർത്തിയായി. കേരളത്തിലെ ഏതു ഭാഗത്തേക്കുള്ള ട്രെയിനിലും നിലവിൽ ബുക്കിംഗ് നില വെയ്റ്റിംഗ് ലിസ്റ്റിൽ 300 നു മുകളിലാണ്. കേരള, കർണാടക ആർടിസികൾ അധിക സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഒന്നിലും ടിക്കറ്റ് കിട്ടാനില്ല. ഈ സാഹചര്യം മുതലെടുത്താണ് സ്വകാര്യ ബസ് ലോബി ടിക്കറ്റ് നിരക്ക് തോന്നിയ പോലെ കൂട്ടുന്നത്. ക്രിസ്മസിന്‍റെ തലേ ദിവസങ്ങളിൽ ബംഗളുരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് 6000 രൂപ വീതമാണ് ഈടാക്കുന്നത്. കൊച്ചിയിലേക്ക് 3200 മുതൽ മുകളിലേക്കാണ് നിരക്ക് . ഇതോടെ നാലംഗകുടുംബത്തിന് നാട്ടിൽ ക്രിസ്മസ് ആഘോഷിക്കണമെങ്കിൽ യാത്രയ്ക്ക് മാത്രമായി 20,000 രൂപ കണ്ടെത്തേണ്ട അവസ്ഥയാണ് . നാട്ടിലേക്കുള്ള വരവ് തന്നെ മാറ്റി വയ്ക്കുകയാണ് പലരും. ബസ് നിരക്ക് കുത്തനെ ഉയരുന്നത് ഉത്സവകാലങ്ങളിൽ സ്ഥിരമാണ്. നവ കേരള യാത്ര നടത്തുന്ന സംസ്ഥാന സർക്കാർ ഇതര സംസ്ഥാനങ്ങളിൽ കഴിയുന്ന മലയാളികളുടെ യാത്ര പ്രശ്നത്തിൽ ഇടപെടുന്നില്ല എന്നാണ് പരാതി. വിമാന കമ്പനികളും തിരക്കു മുൻകൂട്ടി കണ്ടു ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടിയിട്ടുണ്ട്. കൊച്ചിയിലേക്ക് വരുംദിവസങ്ങളിൽ 13, 000 രൂപയാണ് കുറഞ്ഞ നിരക്ക്. തിരക്ക് കൂടുന്നതിനനുസരിച്ച് നിരക്ക് ഇനിയും വർദ്ധിക്കുമെന്നതിനാൽ സാധാരണ കുടുംബത്തിന് ആശ്രയിക്കാൻ കഴിയില്ല. 

https://maannews.acnoo.com/public/frontend/img/header-adds/adds.jpg

Leave a Reply

Your email address will not be published. Required fields are marked *