Breaking News :

:

ഐക്യത്തിന്‍റെ സത്തയെ ഉയര്‍ത്തിപ്പിടിക്കുന്നു; ചരിത്രപരമെന്ന് മോദി

top-news
https://maannews.acnoo.com/public/frontend/img/header-adds/adds.jpg

ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനം ശരിവച്ച സുപ്രീംകോടതി വിധി ചരിത്രപരമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പാര്‍ലമെന്‍റിന്‍റെ തീരുമാനം ഭരണഘടനാപരമായി കോടതി ശരിവച്ചിരിക്കുകയാണ്. ഇന്ത്യക്കാരുടെ ഐക്യത്തിന്‍റെ സത്തയെ ഉയര്‍ത്തിപ്പിടിക്കുന്ന വിധിയാണെന്നും 'പുതിയ ജമ്മു കശ്മീര്‍' എന്ന ഹാഷ്ടാഗോടെ അദ്ദേഹം സമൂഹമാധ്യമത്തില്‍ കുറിച്ചു. ജമ്മു കശ്മീരിലും ലഡാക്കിലുമുള്ള ജനങ്ങളുടെ സ്വപ്നങ്ങള്‍ പൂവണിയിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും വികസനത്തിന്‍റെ ഫലങ്ങള്‍ ജനങ്ങളിലേക്കും പ്രത്യേക പദവി മൂലം ദുരിതം അനുഭവിച്ച ജനവിഭാഗങ്ങളിലേക്ക് കൂടി എത്തുമെന്നും അദ്ദേഹം എക്സില്‍ കുറിച്ചു. നിയമപരമായ വിധി എന്നതിനപ്പുറം പ്രതീക്ഷയുടെ ദീപവും ശോഭനമായ ഭാവിയിലേക്കുള്ള വാഗ്ദാനവും കൂടുതല്‍ ഏകീകൃതവും കരുത്തുറ്റതുമായ ഇന്ത്യയെന്നതിലേക്കുള്ള കൂട്ടായ പ്രയത്നത്തിന്‍റെ സാക്ഷ്യവും കൂടിയാണിതെന്നും അദ്ദേഹം വിശദമാക്കി.ജമ്മു കശ്മീരിനെ ഇന്ത്യന്‍ യൂണിയനിലേക്ക് ചേര്‍ക്കുന്നതിനായി താല്‍കാലികമായി കൊണ്ടുവന്നതാണ് ആര്‍ട്ടിക്കിള്‍ 370 എന്നും അത് നീക്കാന്‍ രാഷ്ട്രപതിക്ക് അധികാരമുണ്ടെന്നുമാണ് ചീഫ്ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ച് വിധിച്ചത്. ജമ്മു കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും പ്രദേശം ഇന്ത്യയുടെ പരമാധികാരം അംഗീകരിച്ചതാണെന്നും സുപ്രീംകോടതി പറഞ്ഞു. ജമ്മു കശ്മീര്‍ വിഭജനത്തിനും രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതിനും അഞ്ചംഗ ഭരണഘടനാ ബെഞ്ച് അംഗീകാരം നല്‍കി.2024 സെപ്റ്റംബര്‍ മുപ്പതിനകം ജമ്മു കശ്മീരില്‍ തിരഞ്ഞെടുപ്പ് നടത്തണമെന്നും കോടതി നിര്‍ദേശിച്ചു. 370–ാം വകുപ്പ് രാജ്യത്തെ ഏകീകരിക്കുന്നതിനായാണ് കൊണ്ടുവന്നത്. ശിഥിലമാക്കാനല്ലെന്നും ജമ്മുകശ്മീരിന് പരമാധികാരമില്ലെന്നും കോടതി വിശദമാക്കി. 2019 ഓഗസ്റ്റ് അഞ്ചിനാണ് ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി നീക്കം ചെയ്തത്. ഇതിനെതിരെ സമര്‍പ്പിക്കപ്പെട്ട പൊതുതാല്‍പര്യ ഹര്‍ജികളിലായിരുന്നു സുപ്രീംകോടതിയുടെ വിധി. വിധി നിരാശാജനകമാണെന്ന് ഗുലാം നബി ആസാദ് പ്രതികരിച്ചപ്പോള്‍കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ജെ.പി. നഡ്ഡയടക്കമുള്ള ബിജെപി നേതാക്കള്‍ വിധിയെ സ്വാഗതം ചെയ്തു. വിധി വരുന്നതിന് മുന്‍പായി തങ്ങളെ കരുതല്‍ തടങ്കലിലാക്കിയെന്ന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിമാരായ മെഹബൂബ മുഫ്തിയും ഒമര്‍ അബുദുല്ലയും വെളിപ്പെടുത്തിയപ്പോള്‍ ആരെയും തടവിലാക്കിയിട്ടില്ലെന്നായിരുന്നു ലഫ്റ്റനന്‍റ് ഗവര്‍ണറിന്‍റെ പ്രതികരണം. 

https://maannews.acnoo.com/public/frontend/img/header-adds/adds.jpg

Leave a Reply

Your email address will not be published. Required fields are marked *