Create your Account
ആര്‍ട്ടിക്കിള്‍ 370 താല്‍കാലികം; ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയത് ശരിവച്ച് സുപ്രീംകോടതി
- Aswathi K
- 11 Dec, 2023
ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനം ശരിവച്ച് സുപ്രീംകോടതി. ഭരണഘടനയുടെ 370 ആം അനുച്ഛേദം ഭേദഗതി ചെയ്തതിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള പൊതുതാല്‍പര്യ ഹര്‍ജികളിലാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്‍റെ വിധി. ജമ്മുകശ്മീരിന് പരമാധികാരമില്ലെന്നും ഭരണഘടനയുടെ 370–ാം അനുച്ഛേദം താല്‍കാലികമാണെന്നും സുപ്രീംകോടതി വ്യക്തമാക്കി. ജമ്മു കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടമാണെന്ന് ആവര്‍ത്തിച്ച കോടതി പ്രദേശം ഇന്ത്യന്‍ ഭരണഘടനയ്ക്ക് വിധേയമാണെന്നും ജമ്മുകശ്മീര്‍ ഇന്ത്യയുടെ പരമാധികാരം അംഗീകരിച്ചാണെന്നും കൂട്ടിച്ചേര്‍ത്തു. ജമ്മുകശ്മീരിന്‍റെ പ്രത്യേക പദവി ഇന്ത്യയിലേക്ക് ചേര്‍ക്കുന്നതിനായി താല്‍കാലികമായി അനുവദിച്ചതാണ്. യുദ്ധസമാന സാഹചര്യമായിരുന്നു അന്ന് നിലവിലുണ്ടായിരുന്നത്. അതുകൊണ്ട് തന്നെ അത് നീക്കാന്‍ ഭരണഘടനയ്ക്ക് അധികാരമുണ്ടെന്നും വിധിയില്‍ പറയുന്നു. അതേസമയം, ജമ്മു കശ്മീരിലെ നിയമസഭ പിരിച്ചുവിട്ടതില്‍ ഇടപെടാനാവില്ലെന്നും സര്‍ക്കാര്‍ ഉത്തരവിന്‍റെ സാധുത തള്ളിക്കളയാനാവില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു. ജമ്മുകശ്മീരിന്‍റെ ഭരണഘടന ഭേദഗതി ചെയ്യാനാകുന്നതാണെന്നും കോടതി അസന്നിഗ്ധമായി വ്യക്തമാക്കി. ജമ്മു കശ്മീരിനെ രണ്ടായി വിഭജിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയും സുപ്രീംകോടതി ശരിവച്ചു. ജമ്മുകശ്മീരിന് സംസ്ഥാന പദവി തിരികെ നല്‍കണം. തിരഞ്ഞെടുപ്പ് ഉടന്‍ നടത്തണമെന്ന് നിര്‍ദേശിച്ച കോടതി 2024 സെപ്റ്റംബര്‍ 30 വരെ ഇതിനായി സമയം അനുവദിച്ചു. ലഡാക്കിനെ കേന്ദ്രഭരണപ്രദേശമാക്കി നിലനിര്‍ത്തുമെന്നും കേന്ദ്രസര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. ജമ്മുകശ്മീരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതും കോടതി ശരിവച്ചിട്ടുണ്ട്. 370 (3) പ്രകാരം 370 റദ്ദാക്കാന്‍ രാഷ്ട്രപതിക്ക് അധികാരമുണ്ടെന്നും അതിനെ സുപ്രീംകോടതിക്ക് ചോദ്യം ചെയ്യാനാവില്ലെന്നും വിധിയില്‍ പറയുന്നു.2019 ഓഗസ്റ്റ് അഞ്ചിനാണ് ജമ്മുകശ്മീരിന്‍റെ പ്രത്യേക പദവി കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയത്. 16 ദിവസം നീണ്ട വാദം കേള്‍ക്കലിനൊടുവില്‍ സെപ്റ്റംബര്‍ അഞ്ചിന് സുപ്രീംകോടതി കേസ് വിധി പറയാന്‍ മാറ്റി വയ്ക്കുകയായിരുന്നു. വിധി വരുന്നതിന് മുന്നോടിയായി ജമ്മു കശ്മീരില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയത്. മെഹബൂബ മുഫ്തിയും ഒമര്‍ അബ്ദുല്ലയുമടക്കമുള്ളവര്‍ വീട്ടുതടങ്കലിലാണെന്ന് വ്യക്തമാക്കി. അതേസമയം, ആരെയും കരുതല്‍ തടങ്കലിലാക്കിയിട്ടില്ലെന്ന് ഗവര്‍ണര്‍ അറിയിച്ചു.
Leave a Reply
Your email address will not be published. Required fields are marked *