Create your Account
ചിലവാക്കിയത് 20 കോടിരൂപ; പണിതീരാത്ത കൊച്ചി കോര്‍പ്പറേഷന്‍ കെട്ടിടം
- Aswathi K
- 04 Dec, 2023
പതിനെട്ട് കൊല്ലം പണിതിട്ടും പണി പൂര്‍ത്തിയാകാത്ത കൊച്ചി കോര്‍പറേഷന്റെ ആസ്ഥാനമന്ദിരം പൂര്‍ത്തിയാക്കാന്‍ ഇനിയും മുപ്പത് കോടി വേണമെന്ന് എസ്റ്റിമേറ്റ്. ഇതുവരെ ചെലവാക്കിയ ഇരുപത് കോടിക്ക് പുറമേയാണ് ഇത്രയും തുക. ആറുമാസംകൊണ്ട് പ്രധാന ഓഫിസിന്റെ പണി പൂര്‍ത്തിയാക്കുമെന്നാണ് പ്രഖ്യാപനം. ഒരിക്കലും പണിപൂര്‍ത്തിയാകാത്ത ബാബേല്‍ ഗോപുരംപോലെയാണ് മെട്രോ നഗരത്തിലെ കോര്‍പറേഷന്‍ ആസ്ഥാനമന്ദിരം. പതിനെട്ടുകൊല്ലം പണിതിട്ടും സ്ട്രക്ചര്‍ മാത്രം. 12.7 കോടി രൂപ ചെലവ് കണക്കാക്കി 2005 ഓഗസ്റ്റ് ആറിന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയാണ് തറക്കല്ലിട്ടത്. കഴിഞ്ഞ പതിനെട്ട് വര്‍ഷത്തിനിടെ ഇടത് വലത് ഭരണസമിതികള്‍ മാറി മാറി വന്നെങ്കിലും ആസ്ഥാനമന്ദിരം പൂര്‍ത്തിയാക്കാനായില്ല. ഇതുവരെ ഇരുപത് കോടി രൂപ ചെലവായി. അതില്‍ പത്തൊന്‍പതുകോടിയും കരാറുകാരന് കൈമാറി. ആസ്ഥാനമന്ദിരം പൂര്‍ത്തിയാക്കാന്‍ ഇനിയുംവേണം മുപ്പതുകോടിയെന്നാണ് വിവരാവകാശ മറുപടി. സമയപരിധിയില്‍ പൂര്‍ത്തിയാക്കിയാല്‍പോലും അതിലേറെവരുമെന്ന് സാരം. എന്തായാലും ആദ്യം കണക്കുകൂട്ടിയതിന്റെ നാലിരട്ടിയിലധികം ചെലവാകും.
കഴിഞ്ഞ ഒക്ടോബറില്‍ മേയറുടെ ചേംബറില്‍ ചേര്‍ന്ന യോഗം ആറുമാസംകൊണ്ട് പ്രധാന ഓഫിസിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചിരുന്നു. ഹൈക്കോടതിക്ക് സമീപം 1.78 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തിലാണ് പുതിയ ആസ്ഥാനമന്ദിരം വിഭാവനം ചെയ്തിരിക്കുന്നത്.
Leave a Reply
Your email address will not be published. Required fields are marked *