Create your Account
'ഒരു വര്‍ഷം മുന്‍പേ നമ്പര്‍ പ്ലേറ്റ് തയാര്‍; കുട്ടികളെ തേടി കറങ്ങി; വന്‍ ആസൂത്രണം'
- Aswathi K
- 02 Dec, 2023
കൊല്ലം ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികള്‍ നടത്തിയത് ആസൂത്രിത കുറ്റകൃത്യമെന്ന് എ.ഡി.ജി.പി എം.ആര്‍.അജിത് കുമാര്‍. ആദ്യദിവസം തന്നെ ലഭിച്ച സൂചന നിര്‍ണായകമായി. കൊല്ലം ജില്ലയില്‍ നിന്നുള്ളവര്‍ തന്നെ പ്രതികളെന്ന് വ്യക്തമായിരുന്നു. നാലു ദിവസത്തെ നിരന്തര അന്വേഷണത്തിന് ഒടുവിലാണ് പ്രതികളിലേക്ക് എത്തിയത്. പ്രതികള്‍ വന്‍ ആസൂത്രണത്തോടെയാണ് കുറ്റകൃത്യം ചെയ്തത്. കടുത്ത സാമ്പത്തിക പ്രശ്നത്തിലായിരുന്ന പത്മകുമാര്‍ ഒരുവര്‍ഷമായി പണം കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു. ആദ്യ നമ്പര്‍ പ്ലേറ്റ് ഉണ്ടാക്കിയത് ഒരു വര്‍ഷം മുന്‍പാണ്. കാറുമെടുത്ത് പല സ്ഥലങ്ങളിലും കുട്ടികളെ തേടിപ്പോയി. തട്ടിയെടുക്കാന്‍ എളുപ്പമുള്ള കുട്ടികളെയാണ് ലക്ഷ്യമിട്ടത്.– പൊലീസ് വിശദീകരിക്കുന്നു. ഓയൂരിലെ കുട്ടിയെ തട്ടിയെടുക്കാനുള്ള ശ്രമത്തിനിടെ സഹോദരന്റെ ചെറുത്തുനില്‍പ്പ് പ്രതീക്ഷിച്ചില്ലെന്ന് പ്രതികള്‍ മൊഴി നല്‍കി. കുട്ടിയുടെ സഹോദരനാണ് ഹീറോ. പെണ്‍കുട്ടിയും താരമാണ്. അവള്‍ നല്‍കിയ വിവരങ്ങള്‍ നിര്‍ണായകമായി. മുഖചിത്രം വരച്ചവരുടെ പങ്കും വളരെ പ്രധാനമാണ്. പൊതുജനങ്ങള്‍ നല്‍കിയ വിവരങ്ങള്‍ വലിയ പിന്തുണയായിയെന്നും എ.ഡി.ജി.പി. അജിത് കുമാര്‍ പറഞ്ഞു. കുട്ടിയെ ആശ്രാമം മൈതാനത്ത് എത്തിച്ചത് അനിതാകുമാരിയാണ്. മാധ്യമങ്ങളില്‍ നിന്നടക്കം പൊലീസിന് വന്‍ സമ്മര്‍ദം ഉണ്ടായെന്നും എ.ഡി.ജി.പി പറഞ്ഞു.
Leave a Reply
Your email address will not be published. Required fields are marked *